Sunday, 23 February 2014


                         യാത്രാവിവരണം

ഡിസംബറിന്റെ ഇളം കാറ്റിനെ തടഞ്ഞ് കൊണ്ട് സൂര്യന്‍ ദേഷ്യപ്പെടാന്‍ തുടങ്ങി.സൈക്കിളിന്റെ വേഗത അല്‍പം കൂടിപ്പോയോന്ന് സംശയം.എന്നാലും ഒന്നൊറൊക്കെ ചവിട്ടി.കയറ്റം കയറിയും ഇറക്കം ഇറങ്ങിയും അങ്ങനെ എന്റെ ദൗത്യമായ കുഞ്ഞുമ്മയുടെ വീടിന്റെ ഒരു മൂല കണ്ടു. എത്തിക്കഴിഞ്ഞു.സൈക്കിളിന്റെ സ്റ്റാന്റിട്ട് ഉള്ളിലേക്ക് കയറി കുഞ്ഞുമ്മാനോട് കുശലം പറഞ്ഞ് മുറ്റത്തേക്കിറങ്ങി. എന്താ രസം പിടക്കോഴികളും, പൂവന്‍ കോഴിയും, കോഴിക്കുഞ്ഞുങ്ങളും...... അങ്ങനെ ധാരാളം കോഴികള്‍ മുറ്റത്തിന്റെ ഭംഗി കൂട്ടി....അവയെ നിരീക്ഷിച്ച് എന്റെ സമയം പോയതറിഞ്ഞില്ല.പെട്ടെന്നാണ് അത് എന്റെ ശ്രദ്ധയില്‍ പെട്ടത്.ഒരു പിടക്കോഴിയെ മറ്റു പിടക്കോഴികളും പൂവന്‍ കോഴിയുംകൂടി അതിന്റെ ചെമ്പരത്തിച്ചേലുള്ളതും,തൂങ്ങിയാടുന്നതുമായ പൂവിനെ കൊത്തി കൊത്തി ആ പാവത്തിനെ ഒരു പരുവത്തിലാക്കി. കൈയ്യില്‍ കിട്ടിയ വടിയെടുത്ത് ആ ആക്രമികളെ അടിച്ചോടിച്ചു.ടി വി കണ്ടും , കളിച്ചും സമയം പോയതറിഞ്ഞില്ല.വൈകുന്നേരത്തിന്റെ ഇളം തെന്നലില്‍  ഒരു ചായ കുടിച്ച് അവിടന്നിറങ്ങി.പെരിയ നാഷണല്‍ ഹൈവേയില്‍ കയറിയതും മിന്നല്‍ പോലെ ചീറിപ്പായുന്ന വാഹനങ്ങള്‍.മാനം മുട്ടി നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ എന്റെ വീടിന്റെ ചെറിയ ചിമ്മിനി കാണാറായി................
                                                                                 റിസ്വാന്‍
                                                                                      7


                                    ഒരു സമുദ്ര സചാരം
സര്‍വജിത്തിന്റെ സമുദ്രസഞ്ചാരം" എന്ന കഥ ഞാന്‍ വായിച്ചു.ഈ കഥ എഴുതിയത് വി മാധവന്‍ നായരാണ്.ഇദ്ദേഹത്തിന്റെ തൂലികാ നാമമാണ്"മാലി".
ഈ കഥയിലെസര്‍വജിത്ത് എന്ന കഥാപാത്രത്തെ എനിക്ക് ഇഷ്ടപ്പെട്ടു.സര്‍വജിത്തിന്റെ സാഹസികത ഹരം കൊള്ളിച്ചു.പ്രമോദ് എന്ന ദുഷ്ടനായ മനുഷ്യനെ നല്ലവനാക്കി അയാളുടെ മാതാപിതാക്കളുടെ അടുത്തെത്തിച്ചതും,രജനി എന്ന നിസ്സഹായയായ സ്ത്രീയെ രക്ഷപ്പെടുത്തി അവരുടെ മകളുടെ അടുത്തെ ത്തിച്ചതും മറ്റും സര്‍വജിത്ത് ചെയ്ത നല്ല കാര്യങ്ങളാണ്. നിരപരാധികളായ ജലാലി ഗോത്രക്കാരില്‍ മൂന്ന് ആളുകളെ വെടിവെച്ചു കൊല്ലുന്നതിന് പകരം അവരെ വേറേതെങ്കിലും തരത്തില്‍ അനുനയിപ്പിക്കാമായിരുന്നു.രാജഹംസം എന്നതോണിയില്‍ തൈലം തളിച്ചപ്പോള്‍ തോണിയും ,തുഴയും ദ്രാവകമായി വെള്ളത്തില്‍ അലിഞ്ഞ് ചേര്‍ന്ന് ഇല്ലാതായി എന്ന് പറയുന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല. സര്‍വജിത്ത് എന്ന കഥാപാത്രത്തിന്റെ നാട് ഏതാണെന്നും കഥയുടെ അവസാനം അയാള്‍ എങ്ങോട്ടാണ് തിരിച്ച് പോകുന്നത് എന്ന് മനസ്സിലായില്ല.ഈ കഥയില്‍ നിന്ന് എനിക്ക് ഇഷ്ടപ്പെട്ട സന്ദര്‍ഭം സര്‍വജിത്തിനെ മത്സ്യകന്യക കടലിന്റെ അടിയിലേക്ക് വലിച്ച് കൊണ്ടു പോയതും ,നീലേശ്വരി എന്ന മത്സ്യകന്യകയുടെ മകളെ വിവാഹം കഴിക്കാന്‍ സര്‍വജിത്തിനോട് പറയുന്നതും കുറേ ദിവസം സര്‍വജിത്ത് കടലിന്റെ അടിയില്‍ താമസിക്കുന്നതുമാണ്. കൂട്ടുകാരെല്ലാം വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
                                                                               ഹഫ്സത്ത് .പി .
                                               6 സി

                        ആടു ജീവിതങ്ങളുടെ മരുഭൂമി
             ഞാന്‍ വായിച്ച പുസ്തകത്തിന്‍റെ പേര് "ആടു ജീവിതം".എനിക്കിത് വളരെ ഇഷ്ടപ്പെട്ടു.
                    ആടു ജീവിതം എന്ന കഥയില്‍ പറയുന്നത് ഗള്‍ഫ് ജീവിതമാണ്. കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ് ഗള്‍ഫ് ജീവിതം.മരുഭൂമിയില്‍ ആടുമേയ്ക്കുന്ന നജീബിന്റെ കഥയാണ് പറയുന്നത്.ഈ എഴുതിയത് ബെന്യാമിനാണ്. ആടുകളുടെ ഇടയിലാണ് നജീബ് താമസിക്കുന്നത്. കഴിക്കാന്‍ വല്ലപ്പോഴും കുബ്ബൂസും,വെള്ളവും മാത്രം.കുളിക്കാന്‍ കഴിയില്ല,വസ്ത്രം മാറാനും കഴിയില്ല,നാട്ടില്‍ വിടുന്നുമില്ല.അതിനിടയ്ക്ക് ഭാര്യയ്ക്ക് കത്തെഴുതണം.എനിക്ക് വളരെ സന്തോഷമാണ് എന്ന് പറഞ്ഞ് കത്തെഴുതുന്നു. ഒരു ദുഷ്ടനായ അറബിയാണ് നജീബിന്റേത്. നജീബ് ആടിനെല്ലാം പേരിടുന്നു.ഒരാടിന് നജീബ് സ്നേഹിച്ച പെണ്‍കുട്ടിയുടെ പേരിട്ടു.ഒരു ആട് പ്രസവിച്ച ആട്ടിന്‍ കുട്ടിക്ക് നജീബിന്റെ കുഞ്ഞിന്റെ പേരിടുന്നു.അതേ സമയം തന്നെ നാട്ടില്‍ നജീബിന്റെ ഭാര്യ പ്രസവിക്കുന്നു.ഈ കഥ കേള്‍ക്കുമ്പോള്‍ ശരിക്കും അനുഭവിക്കുന്നത് പോലെ തന്നെ.നജീബിന്റെ കൂടെ രണ്ടുപേര്‍ അവിടെ വരുന്നു.അവര്‍ രക്ഷപ്പെടാന്‍ തീരുമാനിക്കുന്നു.അവര്‍ രക്ഷപ്പെടുന്നു. കുറേ ഓടി അവര്‍ തളര്‍ന്നു.ഒരാള്‍ വീണു.അയാളെ ചുമലിലേറ്റി നജീബ് ഓടി.ദൂരെ ഒരു റോ‍ഡ് കണ്ടു.അവര്‍ റോ‍ഡില്‍ എത്തി. കുറേ വാഹനങ്ങള്‍ക്ക് കൈ കാട്ടി.ഒരു വാഹനം നിന്നു.അതില്‍ കയറി.വാഹനം ഒരു കടയുടെ മുന്നില്‍ നിര്‍ത്തി.അവിടെ നിന്ന് നാട്ടിലേക്ക് വിളിച്ചു. നാട്ടിലേക്ക് പോകുന്നു.ശരിക്കും അനുഭവിക്കുന്ന കഥയാണിത്.
                   ഈ കഥ വായിച്ചപ്പോള്‍ ഞാന്‍ ഏറെ കരഞ്ഞിട്ടുണ്ട്.ഗള്‍ഫ്കാര്‍ക്ക് ഇങ്ങനെയും ഒരു ജീവിതം ഉണ്ടാകും.ഈ പുസ്തകം എല്ലാവരും വായിക്കണം.......
                            ഫാത്തിമത്ത് ഫഹിമ ഷിറിന്‍
                                         7ബി.



ജീവിക്കാന്‍ വേണ്ടിയുള്ള വേഷങ്ങള്‍.
           രാധാകൃഷ്ണന്‍ അടുത്തിലയുടെ ചാര്‍ളി ചാപ്ലിന്‍ എന്ന പുസ്തകത്തില്‍ ചാര്‍ളിയുടെ ജീവിതകഥയാണ് ആവിഷ്കരിച്ചിട്ടുള്ളത്.ഘട്ടം ഘട്ടമാ യാണ് ചാര്‍ളിയുടെ ജീവിതം എഴുതിയിട്ടുള്ളത്. വേദന നിറഞ്ഞ ഏടുകള്‍,അനാഥ മന്ദിരത്തിലേക്ക്, അച്ഛന്റെ വീട്ടില്‍, അഭിനയത്തിന്റെ ആദ്യ ചുവടുകള്‍,നാടക സംഘത്തില്‍, ജീവിക്കാന്‍ വേണ്ടിയുള്ള വേഷങ്ങള്‍,സിനിമയിലേക്ക്,
അനശ്വര നായ തെണ്ടി,സിറ്റി ലൈറ്റ്സ്,മോഡേണ്‍ ടൈംസ്,നിങ്കലും ബാര്‍ബറും,വിവാഹ ജീവിതം,ഗാന്ധിജിയോടൊത്തൊരു ദിനം,നിശ്ശബ്ദ സിനിമയുടെ രാജകുമാരന്‍,ഇങ്ങനെയാണ് അദ്ദേഹം ചാര്‍ളിയുടെ ജീവിതം തിരിച്ചിരിക്കുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം "ജീവിക്കാന്‍ വേണ്ടിയുള്ള വേഷങ്ങള്‍" എന്നതാണ്,ആ ഭാഗം വായിക്കുമ്പോള്‍ നമ്മുടെ ഉള്ളം നിറയും.
ആ കഥയിലെ ആശയം ഇങ്ങനെയാണ്.അച്ഛന്‍ മരിച്ചപ്പോള്‍ തന്നെ ചാപ്ലിന്റെ കുടുംബം കഷ്ടപ്പാടിലായി.കുടുംബം പോറ്റാന്‍ വേണ്ടി എല്ലാ ശനിയാഴ്ച്ചയും ഉച്ച തിരിഞ്ഞ് തെരുവുകളില്‍ ചെന്ന് പൂക്കള്‍ വില്‍ക്കും.അവിടന്ന് നല്ല കാശ് കിട്ടുമായിരുന്നു. വീട്ടില്‍ കൊണ്ടുപോയാല്‍ ചേട്ടനും,അമ്മയ്ക്കുമൊക്കെ വളരെ സന്തോഷമായിരുന്നു.അങ്ങനെ അവന്‍ പൂക്കള്‍ വില്‍ക്കാന്‍ വേണ്ടി മദ്യ ശാലയിലേക്ക് പോയി.അത് അവന്റെ അമ്മ കണ്ടു. അതോടെ പൂക്കച്ചവടം നിലച്ചു. അങ്ങനെ അമ്മയോട് സമ്മതം വാങ്ങി ചാര്‍ളി ജോലിതേടി ഇറങ്ങി.അവസാനം ഒരു മെഴുകുതിരിവില്‍പ്പനക്കാരന് വേണ്ടി കത്തുകള്‍ എത്തിക്കുന്ന ജോലി കിട്ടി.പിന്നെ ഒരു ഡോക്ടറുടെ വീട്ടില്‍ തൂപ്പുകാരനായി ജോലി തേടിപ്പോയി.അവിടെ നിന്ന് ഡോക്ടറുടെ ഭാര്യ പറഞ്ഞു.ഇവന്‍ നമ്മുടെ വീട്ടില്‍ ജോലി ചെയ്യട്ടെ എന്ന്.ആ ജോലിയും അധികനാള്‍ നീണ്ടു നിന്നില്ല.പിന്നെയും എന്തെല്ലാം ജോലികള്‍.സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ രണ്ടു മുറി വീടെടുത്തു.ഏട്ടന്‍ സിഡ്നിക്ക് വല്ലാത്ത ജലദോഷമായിരുന്നു.അത് അവനെ തോല്‍പ്പിച്ചു.വാടക കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ അവിടന്നും മാറി.അടുത്തത് കളിപ്പാട്ട നിര്‍മ്മാണമായിരുന്നു.ചെരുപ്പ് പെട്ടി,വര്‍ണ്ണ ക്കടലാസ്,പശ,കാര്‍ ബോഡ്,തുടങ്ങിയവ കൊണ്ട് ബോട്ടുണ്ടാക്കലായിരുന്നു പണി.അത് ചാര്‍ളി പെട്ടന്ന് പഠിച്ചു.അങ്ങനെ അതു വിറ്റു നടന്നു. അമ്മയുടെ തയ്യല്‍ വരുമാനത്തില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ കുറവാണ് കളിപ്പാട്ടം വിറ്റാല്‍ കിട്ടുന്ന തുക.ആ ജോലിയും നിര്‍ത്തി.അമ്മയ്ക്ക് മാനസിക രോഗം വന്നു ആശുപത്രിയിലായി.ഏട്ടന്‍ വീണ്ടും കപ്പലില്‍ ജോലിക്കു പോയി.ചാര്‍ളി തനിച്ചായി.ഊണും ഉറക്കവുമില്ലാതായി.അങ്ങനെ ചാര്‍ളിയുടെ ചേട്ടന്‍ വന്നു.അമ്മയെ കാണാന്‍ പോയി.അമ്മയ്ക്ക് വിശ്രമം വേണമെന്ന് പറഞ്ഞു. അങ്ങനെ ചാര്‍ളിയും, സിഡ്നിയും കൂടി സിനിമ തേടി നടന്നു.
കഷ്ടപ്പാടു നിറഞ്ഞ ജീവിതത്തില്‍ നിന്ന് ചാര്‍ളി ലോക പ്രശസ്തനായ സിനിമാതാരമായി മാറി.അങ്ങനെ ആ മഹാനടന്‍ എണ്‍പത്തി എട്ടാം വയസ്സില്‍ 1977 ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തില്‍ നമ്മോട് വിട പറഞ്ഞു.ഈ വേദനയുടെ കഥ എല്ലാവരും വായിക്കണേ.......
                                                                                   റോഷിന്‍ രാജ്
                                                                                              7


                                           മാമ്പഴം

പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ കന്നിക്കൊയ്ത്ത് എന്ന കവിതാ സമാഹാരത്തില്‍ നിന്നാണ് മാമ്പഴം എന്ന കവിത ഞാന്‍ വായിച്ചത്.തന്റെ കാലത്തുണ്ടായ കാവ്യ ശൈലിയില്‍ നിന്നും വേറിട്ട പുതു ജീവിത സന്ദേശവുമായി മലയാളത്തില്‍ തിളങ്ങിയ കവിയാണ് വൈലോപ്പിള്ളി.വൈലോപ്പിള്ളിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സില്‍ ഓടിയെത്തുന്ന വരികള്‍ ഏതാണ് എന്ന് ചോദിച്ചാല്‍ കൂട്ടുകാര്‍ ഉടനെ ഉത്തരം തരും.
അങ്കണത്തൈമാവില്‍ നിന്നാ-
ദ്യത്തെ പഴം വീഴ്കെ-
അമ്മ തന്‍ നേത്രത്തില്‍-
നിന്നുതിര്‍ന്നു ചുടു കണ്ണീര്‍.
എന്നു തുടങ്ങുന്ന മാമ്പഴം എന്ന കവിതയിലെ വരികള്‍.
വാത്സല്യ നിധിയായ മകന്റെ വേര്‍പാടിന്റെ വേദനയില്‍ നീറുന്ന മാതാവിന്റെ ഹൃദയഭേദകമായ തേങ്ങലുകളാണ് മാമ്പഴം എന്ന കവിതയില്‍ നിഴലിക്കുന്നത്.മാവില്‍ ആദ്യ മാമ്പഴം ഉണ്ടാകുമ്പോള്‍ സന്തോഷമാണല്ലോ ഉണ്ടാവുക.പക്ഷെ ഇവിടെ അമ്മയുടെ നേത്രത്തില്‍ ചുടുകണ്ണീരാണ് ഉതിര്‍ന്നത്.ആ കണ്ണീര്‍ ആനന്ദത്തിന്റെ അല്ല മറിച്ച് ദുഖത്തിന്റേതാണ്.കവിത അവസാനിക്കുമ്പോഴേക്കും ദുഖ പര്യാവസായിയായ കഥ വായിച്ച അനുഭവം ഉണ്ടാകും.1936 ല്‍ എഴുതിയ ഈ കവിത ഇന്നു മലയാളികളുടെ മനസ്സില്‍ നൊമ്പരം കോരിയിടുന്നു.”ജീവിതത്തില്‍ നിന്നു ചീന്തിയെടുത്ത ഒരേട്" ആയത് കൊണ്ട് മാമ്പഴത്തിന് ഇന്നും പുതുമയുണ്ട്.മാമ്പഴം തന്റെ അഞ്ചുവയസ്സില്‍ മരിച്ചു പോയ അനുജനെ ഓര്‍ത്ത് എഴുതിയതാണ്.ഇളം പ്രായത്തില്‍ കുട്ടികള്‍ പറയുന്നത് കുറിക്കു കൊള്ളുന്നുവോ?

Monday, 17 February 2014



പുസ്തകം :  ഉള്ളൂരിന്റെ ബാലകവിതകള്‍
രചയിതാവ് : ഉള്ളൂര്‍
       മഹാകവി ഉള്ളൂരിന്റെ കുട്ടികള്‍ക്കായുള്ള കവിതയാണ് "ഉള്ളൂരിന്റെ ബാലകവിതകള്‍" എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ലളിതവും ഭാവനാ സമ്പുഷ്ടവുമായ വരികള്‍ എന്റെ മനസ്സിനെ ഭാവനയുടെ വര്‍ണാഭമായ ലോകത്തിലേക്കു നയിച്ചു.ഇതിലെ എല്ലാ കവിതകളും വളരെ അര്‍ത്ഥവത്തോടെ ഉള്ളതാണ്. ഓരോ കവിതയുടെയും ഈണം, താളം,ഭാഷ ഇവയൊക്കെ അതി മനോഹരവും വ്യത്യസ്തതയുള്ളതുമാണ്. ഓരോ കവിതയക്കും ഇണങ്ങിയ കുഞ്ഞു കുഞ്ഞു തലകെട്ടുകളുമാണ് നല്കിയിരിക്കുന്നത്. എനിക്കിത് വേഗം മനസ്സിലാക്കാനും ഈണം നല്‍കാനും സാധിച്ചു. അതില്‍ ഒരു കവിതയാണ് "ഒരു കുട്ടിയും പ്രവും'. ഇതില്‍ പ്രാവു സംസാരിക്കുന്നത് സാങ്കല്‍പികമായിരിക്കാം.പക്ഷെ അതിന് നമ്മോട് അങ്ങനെയായിരിക്കാം പറയാനുള്ളത് എന്ന് കൂടി മനസ്സിലാക്കാം.കുട്ടി പ്രാവിനെ വീട്ടിലേക്കി ക്ഷണിക്കുകയും,പാലും,പഴവും എന്ന് പറയുമ്പോള്‍ പ്രാവ് അതൊന്നും വിസമ്മതിക്കുന്നില്ല.എന്നാലും തന്റെ ദൈവം പ്രാവിനു നല്‍കിയ മരക്കൊമ്പിലുള്ള വീടിനെയും,ദൈവം പാറിപ്പറക്കാനാണ് കൂട്ടിലിരിക്കാനല്ല എനിക്ക് ചിറക് തന്നതെന്നും പറഞ്ഞ് ഒഴിഞ്ഞു പോവുകയാണ്.ഇതു പോലെ തന്നെ എനിക്ക് ഇഷ്ടപ്പെട്ട
മറ്റു രണ്ടു കവിതകള്‍ കൂടിയാണ് 'പനിനീര്‍ ചെമ്പകം','അമ്പിളിയമ്മാവന്‍'. ഇതിലെ ഓരോ കവിതകള്‍ വായിക്കുമ്പോഴും മറ്റു വരികള്‍ എന്റെ ഉള്ളില്‍ തിങ്ങി നിറയുകയാണ്.മറ്റു ചില കവിതയില്‍ ഭാഷയാണ് ആകര്‍ഷകമായുള്ളത്.കൊച്ചു കുട്ടികളെ കവിതയിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി കവിതയ്ക്കിണങ്ങിയ ചിത്രങ്ങളും

വര്‍ണന

                                വര്‍ണന
             കുളിര്‍ക്കാറ്റിനോടൊപ്പം ഓട്ടമത്സരങ്ങള്‍ നടത്തുന്ന പഞ്ചവര്‍ണ്ണ കിളികള്‍,കൊക്കുകള്‍ കൊത്തി മിനുക്കി മിന്നിനെപ്പോലെ നിലപ്പരവതാനിയായ പുഴയിലേക്ക് കുതിക്കുന്ന മീന്‍കൊത്തികള്‍. പച്ചപുതപ്പിനുമേല്‍ പഞ്ഞിക്കെട്ടുകള്‍ നിരത്തി വച്ചിരിക്കുന്നു.പുഴ ഒഴുകും പോലെ ഇളം കാറ്റിനോടൊപ്പം കുയിലിന്‍ തേന്‍ മധുരിത ഗാനം ഒഴുകി മറിയുന്നു.എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും പ്രകൃതി തന്‍ സമ്മാനങ്ങള്‍,കുളിര്‍ക്കാറ്റിന്റെ ഇടയിലൂടെ കളിച്ചും ചിരിച്ചും ഓടി വരുന്ന ഇളം വെയില്‍, പച്ചപുതപ്പിനിടയില്‍ പൂവന്‍ കോഴിയെ പോലെ തല പൊന്തിച്ചു നില്‍ക്കുന്ന പലതരം പൂക്കള്‍,പുഴയുടെ ഇളക്കത്തിനൊപ്പം നൃത്തം ചെയ്യുന്ന ആമ്പല്‍ പൂക്കള്‍, ഉല്സവത്തിന് ആനകള്‍ നിരന്ന് നിന്നത് പോലെ പച്ച കോട്ടണിഞ്ഞ് നില്‍ക്കുന്ന കുന്നുകള്‍, ആകാശത്ത് വെള്ളിക്കിണ്ണം പോലെ ഇളിച്ച് കൊണ്ടിരിക്കുന്ന സൂര്യന്‍,എന്നും ഭൂമി തന്റെ പുന്നാര പ്രകൃതിയായ മകളെ കുളിപ്പിച്ച് കൊണ്ടേയിരിക്കും.

                                                                           റിസ്വാന്‍ എ എം
                                                                           7