Monday 31 March 2014

Monday 10 March 2014



                               നന്മ നിറഞ്ഞ കുഞ്ഞിക്കൂനന്‍
           കുഞ്ഞിക്കൂനന്‍ എന്ന നോവല്‍ എഴുതിയത് പി.നരേന്ദ്രനാഥാണ്. കുട്ടികള്‍ക്കായാണ് ഈ പുസ്തകം ഇറക്കിയത്.ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതും,രസിപ്പിച്ചതും ഈ പുസ്തകമാണ്. ഈ കഥ വായിക്കുമ്പോള്‍ ഞാന്‍ സ്വയം അനുഭവിക്കുന്നത് പോലെയുണ്ട്.
കുഞ്ഞിക്കൂനന്‍ തന്നെയാണ് പ്രധാന കഥാ പാത്രം.ചെറുപ്പത്തില്‍ തന്നെ നാടിനെ രക്ഷിച്ചതും,മന്ത്രിയാകാനും ഭാഗ്യം ലഭിച്ച കുഞ്ഞിക്കൂനനായ ബാലന്റെ കഥയാണിത്.ആദ്യത്തെ കഥയെകൊണ്ട് തന്നെ അവസാനവും കഥ പൂര്‍ത്തിയാക്കുന്നു.കുഞ്ഞിക്കൂനന്‍ ഒട്ടേറെ ത്യാഗങ്ങള്‍ ഈ കഥയില്‍ സഹിക്കുന്നതായി നരേന്ദ്രനാഥ് സൂചിപ്പിക്കുന്നു.അച്ഛന്റെ സ്നേഹം ലഭിക്കാത്ത കുഞ്ഞുപയ്യനാണ് കുഞ്ഞിക്കൂനന്‍.സ്വന്തം മകനെപ്പോലെ കുഞ്ഞിക്കൂനനെ വളര്‍ത്തിയതും ശുശ്രൂഷിച്ചതും എഴുത്താശാനാണ്.കുഞ്ഞിക്കൂനന്‍ പഠിക്കുമ്പോള്‍ പരിഹാസങ്ങള്‍ കുട്ടികളില്‍ നിന്നുണ്ടായിരുന്നു.പക്ഷെ കുഞ്ഞിക്കൂനന്‍ സങ്കടപ്പെട്ടില്ല. തോറ്റുകൊടുത്തില്ല. പരിഹാസങ്ങളെ മറികടന്നു.കുട്ടികള്‍ക്ക് അതിനെക്കാളും വലിയ പരിഹാസം കുഞ്ഞിക്കൂനനില്‍ നിന്ന് കേള്‍ക്കേണ്ടി വരുന്നു.
കുഞ്ഞിക്കൂനന്‍ ചെറുപ്പത്തില്‍ പാല് കിട്ടാതെ കരഞ്ഞു. പാലെങ്ങനെ കിട്ടാനാ... അമ്മ മരിച്ചുപോയില്ലേ.കുഞ്ഞിക്കൂനന് പാല് കൊടുത്ത ഒരു ആടായിരുന്നു വെളുമ്പി.എഴുത്താശാന്റെ ആടാണ് വെളുമ്പി.ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചാണ് കുഞ്ഞിക്കൂനന്‍ മുക്കോമാരുടെ അടുത്തെത്തിയത്. അവിടെ ഉണ്ടായിരുന്നത് സ്നേഹം വാരിക്കോരി കൊടുക്കുന്നവരായിരുന്നുമുക്കോമാര്‍ക്കിടയില്‍ താമസിക്കുമ്പോള്‍ കുഞ്ഞിക്കൂനന്‍ പറഞ്ഞതാണ് ഈ വാക്ക്. എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചതും, ആകര്‍ഷിപ്പിച്ചതും ഈ വാക്കാണ്.സ്നേഹമേ,തീര്‍ച്ചയായും നീ തന്നെ ഈശ്യരന്‍.രാജാവ് കുഞ്ഞിക്കൂനന് കാശ് നല്‍കി.അപ്പോള്‍ അതെല്ലാം തന്നെ സ്നേഹിച്ച മുക്കോമാര്‍ക്ക് കൊടുക്കാനാണ് കുഞ്ഞിക്കൂനന്‍ പറഞ്ഞത്.കുഞ്ഞിക്കൂനനെ കാളിക്ക് ബലികൊടുക്കാന്‍ കൊള്ളക്കാര്‍ പിടിച്ചു കൊണ്ടുപോയി. കുഞ്ഞിക്കൂനന്‍ ബുദ്ധി കൊണ്ടും ധൈര്യം കൊണ്ടും അവിടന്ന് രക്ഷപ്പെട്ടുഎങ്കിലും ഇതെല്ലാം സംഭവിക്കുന്നതിന് മുന്‍പെ കുഞ്ഞിക്കൂനന്റെ വളര്‍ത്തച്ഛന്‍ മരിച്ചിരുന്നു.മരിക്കുമ്പോള്‍ എഴുത്താശാന്‍ ഇങ്ങനെ പറഞ്ഞിരുന്നു.'നന്മയെ ഒരു നാളും കൈ വെടിയരുത്, ഒരിക്കലും നുണ പറയരുത്, അസത്യത്തെയും തിന്മയെയും മരിക്കും വരെ എതിര്‍ക്കണം, എന്റെ മോന്‍ നന്നാവും,പഠിച്ച് വല്ല്യ ആളാവും,എന്റെ കുട്ടി വല്ല്യ ആളാകുന്നത് സ്യര്‍ഗ്ഗത്തില്‍ നിന്നും ഞാന്‍ നോക്കി നില്‍ക്കും '.ഈ വാക്ക് കുഞ്ഞിക്കൂനന്‍ ഇടയ്ക്കിടെ ഓര്‍മ്മിക്കും.എനിക്ക് തോന്നുന്നത് എഴുത്താശാന്റെ വാക്കുകളാണ് കുഞ്ഞിക്കൂനന് ധൈര്യവും, ഉന്മേഷവും നല്‍കിയതെന്നാണ്.എഴുത്താശാന്‍ ഇല്ലായിരുന്നെങ്കില്‍ കുഞ്ഞിക്കൂനന്‍ പാല്‍ കിട്ടാതെ, ഒരു തുള്ളി വെള്ളം കിട്ടാതെ മരിച്ചു പോകുമായിരുന്നു.
                ഈ പുസാതകം ഇറക്കിയത് സി.ഡി ബുക്സാണ്. പുസ്തകത്തിന്റെ വില 50 രൂപയാണ്. കുഞ്ഞിക്കൂനനെ ഒന്ന് വായിച്ചുനോക്കൂ കൂട്ടുകാരെ...............
                                                     റഹീമ.പി.എം
                                                     7

                      മിഠായിപ്പൊതിയിലെ കഥകള്‍
" കുട്ടന്‍ വരാന്തയില്‍ നിന്ന് മുറ്റത്തേക്ക് നോക്കി.നല്ല തീ വെയിലാണ്. ഒരു ഇല പോലും അനങ്ങുന്നില്ല.വീട്ടില്‍ എല്ലാവരും കിടന്നു വിശ്രമിക്കുകയാണ്.അച്ഛന്‍ പത്രവും നെഞ്ഞത്തു വെച്ച് മലര്‍ന്നു കിടന്ന് ഉറങ്ങുന്നു.അമ്മ ചാരുകസേരയില്‍ ഇരുന്ന് രാമായണം വായിക്കുന്നതിന് ഇടയിലാണെന്നുതോന്നുന്നു ഉറങ്ങിപ്പോയത്. രാമായണം നിലത്ത് വീണു കിടക്കുന്നു.”
കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരി സുമംഗലയുടെ 'മിഠായിപ്പൊതി' എന്ന പുസ്തകത്തിലെ 'കുട്ടനും പിശാചുക്കളും' എന്ന കഥയിലെ ഏതാനും വരികളാണിത്. 20-ഓളം കഥകള്‍ മിഠായിപ്പൊതിയിലുണ്ട്.അതിലെ ഒരു കഥയിലെ
കേന്ദ്ര കഥാപാത്രമാണ് കുട്ടന്‍. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ കുട്ടന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നു. ആ വഴിയോരങ്ങളില്‍ നിറയെ കുഴികള്‍ ഉണ്ടായിരുന്നു. പെട്ടന്നതാ കുട്ടന്‍ ഒരു കുഴിയില്‍ വീണു.അവന്‍ ആഴത്തിലെത്തി.അവിടെ അവന്‍ കുറേ പിശാചുക്കളെ കണ്ടു.ഇഡ്ഡലിക്കണ്ണന്‍,ദോശക്കണ്ണന്‍,തക്കാളി മൂക്കന്‍, പഴപ്പല്ലന്‍ ഇങ്ങനെ കുറേപേര്‍.പിശാചുക്കള്‍ക്ക് പലഹാരങ്ങളെക്കുറിച്ചോ, മറ്റു ഭക്ഷണങ്ങളെക്കുറിച്ചോ ഒന്നും അറിയില്ല.ഇവയെ പരിചയപ്പെടുത്താന്‍ കുട്ടന്‍ അവരെയും കൂട്ടി വീട്ടിലേക്ക് യാത്രയായി.പിശാചിന്റെ തലയിലായിരുന്നു കുട്ടന്റെ സഞ്ചാരം.വീട്ടിലെത്തിയ ഉടന്‍ കുട്ടന്‍ അമ്മയോട് ഭക്ഷണം ഒരുക്കാന്‍ പറഞ്ഞു. അമ്മ പിശാചുക്കളെ കാണാന്‍ പുറത്തേക്ക് വന്നു.പക്ഷെ അവിടെ പിശാചുക്കള്‍ ഉണ്ടായിരുന്നില്ല.കുട്ടന് സങ്കടം വന്നു.അമ്മ പറഞ്ഞു നീ സ്വപ്നം കണ്ടതായിരിക്കും. കുട്ടന് അത് വിശ്യസിക്കാന്‍ കഴിഞ്ഞില്ല.ഇതില്‍ നിങ്ങള്‍ ആരുടെ ഭാഗത്താണ്. വളരെ രസകരമായ ഒരു കഥയാണിത്.ഇതിലൂടെ ഞങ്ങള്‍ക്ക് കുറച്ച് പലഹാരങ്ങളെ കുറിച്ചും പറഞ്ഞു തരുന്നുണ്ട്.പിന്നെ അപ്പമരം എന്ന കഥയുണ്ട്.അതില്‍ ഒരു രാക്ഷസിയെ കുറിച്ചാണ് പറയുന്നത്.ഉണ്ണിക്കുട്ടന്‍ തന്റെ വീടിനടുത്ത് ഒരു അപ്പം കുഴിച്ചിട്ടു.എല്ലാവരും പറഞ്ഞു അത് വളരുകയില്ല എന്ന്.പക്ഷ അത് വളരുക തന്നെ ചെയ്തു.അത് വലിയ മരമായി.അതില്‍ നിന്നും എല്ലാവര്‍ക്കും അപ്പം പറിച്ചുകൊടുത്തു.അങ്ങനെ ഒരു സ്ത്രീ ഭിക്ഷചോദിച്ച് അവിടേക്ക് വന്നു. ഉണ്ണിക്കുട്ടന്‍ അവര്‍ക്ക് അപ്പം പറിച്ചുകൊടുത്തു.അതിനിടയില്‍ ആ സ്ത്രീ അവനെയും എടുത്ത് കൊണ്ട് ഓടി.അതിനിടയില്‍ അവന്‍ കുറേ കുസൃതികള്‍ ഒപ്പിച്ചു.അങ്ങനെ ആ സ്ത്രീ അവനെ പാചകം ചെയ്ത് തരാന്‍ മകളോട് പറഞ്ഞു.എന്നിട്ട് ആ സ്ത്രീ കുളിക്കാന്‍ പോയി. മകള്‍ വളരെ ഉറക്കക്കാരിയായിരുന്നു.ഉണ്ണിക്കുട്ടന്‍ വളരെ‌ തന്ത്ര പൂ൪വ്വം അവളെ അതില്‍ നിന്നും പിന്തിരിപ്പിച്ചു.എന്നിട്ട് അവളോട് ഉറങ്ങാ൯പറഞ്ഞു അവള്‍ ഉറങ്ങിയതിനു ശേഷം അവളെ വെട്ടിനുറിക്കി ഒരു കിണ്ടിചോര കാല്‍ കഴുകാ൯ പുറത്തു വെച്ചു.കുടിക്കാ൯ ഒരു കിണ്ടിചോര അകത്തും വച്ചു.മാംസം പാകം ചെയ്തും വച്ചു.രാക്ഷസി കുളികഴിഞ്ഞ് വരുമ്പോഴേക്കും അവന്‍ എല്ലാം പാചകം ചെയ്ത് വച്ചിരുന്നു. രാക്ഷസി സന്തോഷത്തോടെ അത് ഭക്ഷിച്ചു.പിന്നെ കുറച്ച് മകള്‍ക്കും വച്ചു. പിന്നെ മകളെ അന്വേഷിച്ചു നടന്നു.എവിടെയും മകളെ കണ്ടില്ല. പിന്നെ ഒന്ന് വിളിച്ചു.ഉണ്ണിയുടെ മാംസം തിന്നാന്‍ വായോ.... അപ്പോഴേക്കും ഉണ്ണി കിണറ്റില്‍ ഒരു കല്ലും ഇട്ട് ഓടി.രാക്ഷസി അത് അവനായിരിക്കും എന്ന്കരുതി കിണറ്റില്‍ ചാടി.ഉണ്ണി വീട്ടിലെത്തി.വീണ്ടും മരത്തില്‍ കയറി അപ്പം പറിച്ചു തിന്നു കൊണ്ടേയിരിന്നു.ചതിയിലായ രാക്ഷസിയുടെ കഥയാണ് ഇത്.കുട്ടികള്‍ക്ക് വായിച്ചുരസിക്കാന്‍ മധുരം കിനിയുന്ന കഥകളാണ് മിഠായിപ്പൊതി'യില്‍ ഉള്ളത്.കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ഏറെ ഇഷ്ടപ്പെടുന്നകഥകള്‍. വായിച്ചും കേട്ടും മനസ്സിലാക്കാനും , തനിയെ വായിക്കാനും ഉതകുന്ന കഥകള്‍ ആണ് ഇവയൊക്കെ.വളരെ ലളിതവും,മനോഹരവുമാണ്.ഈ പുസ്തകത്തില്‍ വളരെ ആകര്‍ഷകമായ കഥകളും, ചിത്രങ്ങളുമുണ്ട്.
1934 മെയ് 16 ന് പാലക്കാട് ജില്ലയില്‍ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കല്‍ സുമംഗല ജനിച്ചു.ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമെ അമ്പതോളം കഥകളും ,ലഘു നോവലുകളും രചിച്ചിട്ടുണ്ട്.നെയ്പായസത്തിന് കേരളാ ഗവണ്‍മെന്റിന്റെ സാമൂഹ്യ ക്ഷേമവകുപ്പ് അവാര്‍ഡും ,മിഠായിപ്പൊതിക്ക് 1979-ലെ ബാലസാഹിത്യത്തിനുള്ള കേരളാ സാഹിത്യ അക്കാദമിയിലുടെ ശ്രീ പത്മനാഭസ്യാമി അവാര്‍ഡും,കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.കുറേ വര്‍ഷം കലാമണ്ഡലത്തില്‍ പബ്ലിസിറ്റി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.
                                                                              മയൂഷ മനോഹരന്‍
                                             7 ബി

കാബൂളിവാല
ഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ 'കാബൂളിവാലയും മറ്റു കഥകളും'എന്ന പുസ്തകത്തിലെ കാബൂളിവാല എന്ന കഥ എന്റെ മനസ്സില്‍ നിന്ന് മായുന്നേയില്ല. എല്ലാവര്‍ക്കും കാബൂളിവാലയെ വളരെ ഇഷ്ടമാണ്.കാബൂളിവാലയുടെ വാങ്മയ ചിത്രം കഥാകാരന്‍ പ്രത്യേകം അവതരിപ്പിക്കുന്നു.മുഷിഞ്ഞതും അയഞ്ഞതുമായ വസ്ത്രം,തലയില്‍ പൊങ്ങി നില്‍ക്കുന്ന തലക്കെട്ട്,തോളില്‍ വലിയൊരു സഞ്ചി,കൈയ്യില്‍ മുന്തിരിക്കുലകള്‍,അങ്ങനെ അയാളെ കണ്ടാല്‍ ഭയാനകമായ ഒരു രൂപം. കാബൂളിവാലയും, മിനിയുമാണ് ഇതിലെ പ്രധാന കഥാപാത്രം.
ഞങ്ങളെപ്പോലെ ഒരു തൂവല്‍പക്ഷിയാണ് മിനി.അച്ഛന്‍,അമ്മ ഇവരടങ്ങുന്ന കുടുംബമാണ് മിനിയുടേത്. അവളൊരു വായാടിയാണ്.അതുകൊണ്ടു തന്നെ അച്ഛന് അവളെ ഒരുപാട് ഇഷ്ടമാണ്. എന്നാല്‍ അവളുടെ അമ്മ അവളെ എപ്പോഴും ശകാരിക്കാറുണ്ട്.അവള്‍ അതൊന്നും കാര്യമാക്കാറില്ല.മിനിയുടെ അച്ഛന്‍ എഴുതുന്ന ഒരു ആത്മകഥയെപ്പോലെയാ ണ് ഈ ലേഖനം എഴുതിയിരിക്കുന്നത്.അതിലെ ഓരോരോ വരികളും നമ്മളെ അതിലേക്ക് ആകര്‍ഷിപ്പിക്കുന്നു.കാബൂളിവാലയും,മിനിയും തമ്മില്‍ കണ്ടുമുട്ടുന്ന ആ നിമിഷമാണ് കഥയിലെ സന്തോഷപൂര്‍വ്വമായ നിമിഷം.ആദ്യം കണ്ടു മുട്ടിയപ്പോള്‍ മിനിയുടെ മനസ്സില്‍ പേടിയുണ്ടായിരുന്നു. ദിവസങ്ങള്‍ കടന്നു പോകും തോറും മിനിയുടെ മനസ്സിലുണ്ടായ ഭയം മാറി.കാബൂളിവാലയും,മിനിയും പ്രിയ കൂട്ടുകാരായി മാറുന്നു.അവളുടെ പ്രിയ കൂട്ടുകാരന്‍ അവള്‍ക്കെന്നും ബദാമും, ഉണക്കമുന്തിരിയുമാണ് കൊടുക്കാറ്. കാബൂളി വാലയുടെയും,മിനിയുടെയും സുഹൃത്ബന്ധത്തില്‍ ഒരു വലിയ വിടവുണ്ടായി. കാബൂളിവാലയുടെ കൈയ്യില്‍ വിലങ്ങ് വീണു. രണ്ടു വശത്തും പോലീസുകാര്‍.മിനിയുടെ അച്ഛന്‍ തിരക്കിയപ്പോഴാണ് അത് മനസ്സിലായത്.അവരുടെ അയല്‍ക്കാരിലൊരാള്‍ കാബൂളിവാലയില്‍ നിന്ന് റാം പുരിഷാള്‍ വാങ്ങിയിട്ട് പണം കൊടുത്തില്ല.പണം ചോദിക്കാന്‍ ചെന്നപ്പോള്‍ താന്‍ ഷാള്‍ വാങ്ങിയിട്ടില്ലെന്ന് അയാള്‍ കള്ളം പറഞ്ഞു.വഴക്കില്‍ കലാശിച്ചപ്പോള്‍ കാബൂളിവാല അയാളെ കുത്തി.അങ്ങനെ അവള്‍ക്ക് കാബൂളിവാല എന്ന കൂട്ടുകാരനെ ജീവിതത്തില്‍ നിന്നും മായ്ക്കേണ്ടി വന്നു.
വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോയി.ആ സന്ദര്‍ഭത്തില്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാവും മിനിയുടെയും കാബൂളിവാലയുടെ യും ജീവിതത്തില്‍ എന്തു സംഭവിച്ചെന്ന്?'കൂട്ടുകാരെ നിങ്ങളുടെ മിനിക്ക് കല്ല്യാണ പ്രായമെത്തി. അങ്ങനെയിരിക്കെ മിനിയുടെ കല്ല്യാണത്തിനായി വീടൊരുങ്ങിക്കഴിഞ്ഞു. വീട്ടില്‍ വര്‍ണ്ണം ചിതറിയതുപോലെ തിളങ്ങുന്ന ദീപങ്ങള്‍.എല്ലാവരും വളരെ തിരക്കിലാണ്.ആ നിമിഷമാണ് ഒരാള്‍ വേദിയിലേക്ക് കടന്നു വന്നത്.ഇരുപത്തിയഞ്ച് വര്‍ഷത്തെ ജയില്‍ വാസം കഴിഞ്ഞ് മിനിയെ കാണാന്‍ കാബൂളിവാല വരികയാണ്.മിനിയുടെ അച്ഛന് അയാളെ മനസ്സിലായില്ല. അവരുടെ ആ കളങ്കമില്ലാത്ത ചിരിയിലൂടെ കാബൂളിവാലയെ അയാള്‍ക്ക് തിരിച്ചറിയാന്‍ പറ്റി. പണ്ടത്തെപ്പോലെ നീട്ടിവളര്‍ത്തിയ താടിയോ , മുടിയോ,ഉശിരോ അയാള്‍ക്കില്ലായിരുന്നു.മിനിയുടെ അച്ഛന്‍എന്തൊക്കെയോ പറഞ്ഞ് അയാളെ ഒഴിപ്പിക്കാന്‍ നോക്കി.കാബൂളിവാല പോകാന്‍കൂട്ടാക്കിയില്ല.ആ പാവം എവിടെ നിന്നോ പണം കടം വാങ്ങി മിനിക്ക് വേണ്ടി ബദാമും,ഉണക്കമുന്തിരിയും കൊണ്ടു വന്നിട്ടുണ്ട്.പാവം അയാള്‍ക്ക്,മിനിയ്ക്ക് കല്ല്യാണ പ്രായം എത്തിയെന്ന് അറിഞ്ഞില്ല.അയാളോട് സഹതാപം തോന്നി അച്ഛന്‍ മിനിയെ വിളിച്ചു. പക്ഷെ മിനി അതിന് തടസ്സം പറഞ്ഞു.അത് കൂട്ടാക്കാതെ മിനിയെ ഒരിക്കല്‍ കൂടി വിളിച്ചു.മിനി കല്ല്യാണവേഷത്തില്‍ വേദിയിലേക്ക് വന്നു.മിനിയ്ക്ക് കാബൂളിവാലയെ മനസ്സിലായില്ല.എന്നാല്‍ അയാളുടെ ചിരി,അത് അവളെ ഓര്‍മ്മയില്‍ നിന്നുണര്‍ത്തി..പാവം,ഒരു അഴുക്കു ഭാണ്ഡത്തെപ്പോലെ അവിടെ ഇരിക്കുന്ന സമയത്ത് അയാളെ കാത്തു നില്‍പുണ്ടാവും അയാളുടെ പ്രിയ മകള്‍ പാര്‍വ്വതി.വിവാഹ മംഗള സംഗീതം വീണ്ടും ഒഴുകി.ഹേമന്ത സൂര്യന്‍ അവിടെ പ്രകാശം വിതറി.ആ ചെറിയ കല്‍ക്കത്ത തെരുവിലെ വീട്ടില്‍ തരിശായ പര്‍വ്വതങ്ങളെ മുമ്പില്‍ കണ്ടുകൊണ്ട് നിരാശനായി കാബൂളിവാല അങ്ങനെയിരുന്നു. പാവം എത്ര സ്നേഹ സ്വരൂപനായ വ്യക്തിയാണ് കാബൂളിവാല.കാബൂളിവാല തന്റെ മകളെ കണ്ടുവോ? എന്റെ മനസ്സിലെ വേദന മാറുന്നേയില്ല.നിങ്ങളെല്ലാവരും ഈ കഥ വായിക്കണം.
                                                                                എന്ന് സ്നേഹ പൂര്‍വ്വം
                                                                               പുണ്യ രവീണ്‍ പി
                                                                                              7

പ്രവാസ ജീവിതത്തിന്റെ നേര്‍ക്കാഴ്ച
          ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ പ്രവാസലോകത്തിന്റെ നേര്‍ക്കാഴ്ച്ചകളിലേക്ക് വിരല്‍ ചൂണ്ടുന്നു. പ്രവാസ ജീവിതവും ജീവിതസന്തോഷവും സ്വപ്നം കണ്ട് ഉറ്റവരെയും ഉടയവരെയും വിട്ട് മരുഭൂമിയിലേക്ക് ചേക്കേറുന്ന രണ്ട് ചെറുപ്പക്കാരുടെ കഥ പറയുകയാണ് ബെന്യാമിന്‍.
ആടുകളുടെ മസറകളിലൂടെ എത്തിപ്പെടുന്ന നജീബും ഹക്കീമും അര്‍ബാബുമാരുടെ ആട്ടും തുപ്പും കൊണ്ട് പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആടുകള്‍ക്കിടയില്‍ ആടായി ജീവിക്കുകയാണ്.
നായകന്‍ കഥയക്കിടയില്‍ പറയുന്നുണ്ട് ; ഒരു ആടിനെ സൂക്ഷിച്ചു നോക്കിയാല്‍ ഒരു മനുഷ്യന്റെ രൂപം അതില്‍ കാണാമെന്ന്.ദാഹം തീര്‍ക്കാന്‍ ആവശ്യത്തിന് വെള്ളമോ ,വിശപ്പ് തീര്‍ക്കാന്‍ ആവശ്യത്തിന് ഭക്ഷണമോ ഇല്ലാതെ തികച്ചും നരകജീവിതം നയിക്കുന്ന ഇവര്‍ക്കിടയില്‍ രക്ഷകനായി എത്തുന്ന ഇബ്രാഹിം ഖാദിരിയെക്കുറിച്ച് കഥാകാരന്‍ വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സഹായം കൊണ്ട് മസറകളില്‍ നിന്നും ഒളിച്ചോടിയ ചെറുപ്പക്കാര്‍ മരുഭൂമിയിലൂടെ പച്ചവെള്ളം പോലും കിട്ടാതെ അലയുന്നുണ്ട്. അങ്ങനെ ഹക്കീം എന്ന ചെറുപ്പക്കാരന്‍ തൊണ്ടപൊട്ടി മരിക്കുന്നു.അവനെ മൂടാനായി മരുഭൂമിയിലൊരു മണ്‍കൂന പ്രത്യക്ഷപ്പെടുന്നു.മറ്റു രണ്ട് പേരും നടന്ന് ദൂരെ എത്തിയെങ്കിലും പെട്ടെന്ന് ഇബ്രാഹിം ഖാദിരി അപ്രത്യക്ഷമാവുകയാണ്.നജീബ് ഏറെ പ്രയാസങ്ങള്‍ക്കൊടുവില്‍ കുഞ്ഞിക്കാ എന്ന മലയാളിയുടെ അടുക്കല്‍ ചെന്ന് എത്തിപ്പെടുകയാണ്. പിന്നീട് ഒരു ജയില്‍ പുള്ളിയാവുകയും എംബസി ജീവനക്കാരുടെ സഹായത്തോടെ ഒടുവില്‍ നാട്ടിലേക്ക് വണ്ടി കയറുകയാണ് ഇദ്ദേഹം.
           വളരെ മനോഹരമാണ് ഈ പുസ്തകം.43 അധ്യായങ്ങളായാണ് ഈ പുസ്തകം ചിത്രീകരിച്ചിട്ടുള്ളത്.'എന്നെ വിസ്മയിപ്പിച്ച മലയാള നോവല്‍' എന്നാണ് ആടുജീവിതത്തെക്കുറിച്ച് എം മുകുന്തന്‍ പറഞ്ഞിട്ടുള്ളത്.അങ്ങനെ ഓരോരുത്തരും ആടുജീവിതത്തെ വ്യത്യസ്തമായാണ് വിലയിരുത്തിയത്.
പ്രശസ്ത കഥാകൃത്തും,നോവലിസ്റ്റുമായ ബെന്യാമിന്‍ അബീശഗിന്‍,പെണ്‍മാറാട്ടം,യുത്തനേസിയ,പ്രവാചകന്മാരുടെ രണ്ടാം പുസ്തകം എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.എന്നാല്‍ അദ്ദേഹം മലയാളി വായനക്കാര്‍ക്ക് നല്‍കിയ ഒരു മഹാദാനമാണ് ആടുജീവിതം എന്ന നോവല്‍.എന്റെ കണ്ണുകളെ ഈറനണിയിച്ച നോവലാണിത്.എല്ലാവരും തീര്‍ച്ചയായും ആടുജീവിതം വായിക്കുക.
                                                                               തസ് ലീന പി
                                                                                       7ബി

അവരുടെ സങ്കടങ്ങള്‍
             വീടില്ലാത്ത ആളുകള്‍ ബസ്റ്റാന്റിലും,റെയില്‍വേ സ്റ്റേഷനിലും, റോഡരികുകളിലും കിടന്നുറങ്ങും.മഴ വരുമ്പോള്‍ ശരീരം നനയും, കാറ്റ് വരുമ്പോള്‍ തണുക്കും അങ്ങനെ അവര്‍ക്ക് ബുദ്ധിമുട്ടാകും. പാവം അവര്‍ക്ക് പൈസയില്ല.തിന്നാന്‍ ചോറുപോലും അവര്‍ക്ക് കിട്ടുന്നില്ല.സുഖമായി കിടന്നുറങ്ങാനും , സാധനങ്ങള്‍ സൂക്ഷിച്ചുവെക്കാനും സ്ഥലമില്ല , സഹായിക്കാന്‍ ആരുമില്ല. വാഹനങ്ങള്‍ പോകുമ്പോള്‍ പുക കൊള്ളും,നാറിയിട്ട് അവിടെ നില്‍ക്കാന്‍ കഴിയില്ല,വലിയ ബഹളമായിരിക്കുംഅവിടെ. എപ്പോഴും കൊതുകിന്റെ ശല്യം ഉണ്ടാകും,ഉറുമ്പു കടിക്കും, നായയും പാമ്പും വന്നാല്‍ അവരെ കടിക്കും. തണുപ്പും,മഞ്ഞും, വെയിലും കൊള്ളുന്ന പാവങ്ങള്‍.മിന്നും,കാറ്റും വരുമ്പോള്‍ അവര്‍ക്കു പേടിയാകും.പാവങ്ങള്‍!
                                                                                     റഫ ഫാത്തിമ
                                                                                             3 ബി.


                                                  ഹാ പ്രഭാതമേ....
           "ഇരുട്ടിന്റെ കരിമഷി മെല്ലെ അലിയാന്‍ തുടങ്ങി. അപ്പോഴേക്കും കിഴക്കിന്റെ മുഖത്ത് കുങ്കുമ വര്‍ണ്ണം പരന്നു. പുല്‍തുമ്പിലെ മഞ്ഞുകണങ്ങള്‍ സൂര്യകിരണങ്ങളേറ്റ് തിളങ്ങാന്‍ തുടങ്ങി.മഴവില്ലിന്‍ അഴക് ചാര്‍ത്തിക്കെട്ടിയ പൂക്കള്‍ ആ കൊച്ചിളം കാറ്റില്‍ ചുറ്റിപ്പടര്‍ന്നു.കള കള നാദ മൊഴുക്കുന്ന ചെറു തോട്ടിന്‍ വക്കിലിരുന്ന് പ്രപഞ്ചത്തോട് മാക്രികള്‍ കുശലം പറയാന്‍ തുടങ്ങി.പൂമരച്ചില്ലയില്‍ നിന്നും കലപില കൂട്ടുന്ന
തേന്‍ കുരുവികള്‍.പുല്ലാങ്കുഴല്‍ മാധുര്യം പോലെ പൂങ്കുയിലിന്റെ സ്വരരാഗത്തില്‍ മയിലുകള്‍ ആനന്ദനൃത്തമാടി. പൊന്നുഷസിന്റെ തിരുവിളക്ക് കത്തിച്ച് ആടിക്കളിക്കുന്ന പുഞ്ചപ്പാടങ്ങള്‍. തുഷാരകണങ്ങള്‍ വന്നുമൂടിയ ഭൂമി പ്രഭാതത്തെ മാടിവിളിച്ചു.”
                                                                             റംസീന കെ കെ
                                                                                        7

ക്ളാസ്റൂമിലെ നാടകം

പോസ്റ്റോഫീസിൽ