Sunday, 23 February 2014



                                           മാമ്പഴം

പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ കന്നിക്കൊയ്ത്ത് എന്ന കവിതാ സമാഹാരത്തില്‍ നിന്നാണ് മാമ്പഴം എന്ന കവിത ഞാന്‍ വായിച്ചത്.തന്റെ കാലത്തുണ്ടായ കാവ്യ ശൈലിയില്‍ നിന്നും വേറിട്ട പുതു ജീവിത സന്ദേശവുമായി മലയാളത്തില്‍ തിളങ്ങിയ കവിയാണ് വൈലോപ്പിള്ളി.വൈലോപ്പിള്ളിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സില്‍ ഓടിയെത്തുന്ന വരികള്‍ ഏതാണ് എന്ന് ചോദിച്ചാല്‍ കൂട്ടുകാര്‍ ഉടനെ ഉത്തരം തരും.
അങ്കണത്തൈമാവില്‍ നിന്നാ-
ദ്യത്തെ പഴം വീഴ്കെ-
അമ്മ തന്‍ നേത്രത്തില്‍-
നിന്നുതിര്‍ന്നു ചുടു കണ്ണീര്‍.
എന്നു തുടങ്ങുന്ന മാമ്പഴം എന്ന കവിതയിലെ വരികള്‍.
വാത്സല്യ നിധിയായ മകന്റെ വേര്‍പാടിന്റെ വേദനയില്‍ നീറുന്ന മാതാവിന്റെ ഹൃദയഭേദകമായ തേങ്ങലുകളാണ് മാമ്പഴം എന്ന കവിതയില്‍ നിഴലിക്കുന്നത്.മാവില്‍ ആദ്യ മാമ്പഴം ഉണ്ടാകുമ്പോള്‍ സന്തോഷമാണല്ലോ ഉണ്ടാവുക.പക്ഷെ ഇവിടെ അമ്മയുടെ നേത്രത്തില്‍ ചുടുകണ്ണീരാണ് ഉതിര്‍ന്നത്.ആ കണ്ണീര്‍ ആനന്ദത്തിന്റെ അല്ല മറിച്ച് ദുഖത്തിന്റേതാണ്.കവിത അവസാനിക്കുമ്പോഴേക്കും ദുഖ പര്യാവസായിയായ കഥ വായിച്ച അനുഭവം ഉണ്ടാകും.1936 ല്‍ എഴുതിയ ഈ കവിത ഇന്നു മലയാളികളുടെ മനസ്സില്‍ നൊമ്പരം കോരിയിടുന്നു.”ജീവിതത്തില്‍ നിന്നു ചീന്തിയെടുത്ത ഒരേട്" ആയത് കൊണ്ട് മാമ്പഴത്തിന് ഇന്നും പുതുമയുണ്ട്.മാമ്പഴം തന്റെ അഞ്ചുവയസ്സില്‍ മരിച്ചു പോയ അനുജനെ ഓര്‍ത്ത് എഴുതിയതാണ്.ഇളം പ്രായത്തില്‍ കുട്ടികള്‍ പറയുന്നത് കുറിക്കു കൊള്ളുന്നുവോ?

No comments:

Post a Comment